Varutha Chickenum Kurbanayum
വറുത്ത ചിക്കനും കുർബാനയും
വിദ്യാഭ്യാസം എന്ന കര കാണാ സാഗരത്തിലേക്ക് എടുത്തു ചാടിയ നാൾ മുതൽ, കോളേജിന്റെ കര പറ്റുന്നത് വരെ ഞാൻ പഠിച്ചത് ഒരൊറ്റ സ്കൂളിൽ ആണ്.മുങ്ങിയും പൊങ്ങിയും അവിടെ തുഴയുന്നതിനിടയിൽ, ഒരുപാട് നല്ല അധ്യാപകരുടെയും കൂട്ടുകാരുടെയും തള്ളലുകളും ലൈഫ് ജാക്കറ്റ്സുംകൊണ്ടുമാണ് കര പിടിച്ചത്. ആ കോണ്വെന്റ് സ്കൂളിലെ കിരീടം വെക്കാത്ത കുട്ടിറാണി ആയി വിലസി നടന്ന,പഠിപ്പിച്ചു തന്ന സകല ക്രിസ്തീയ പ്രാർത്ഥന, ഭക്തി ഗാനങ്ങളും അരച്ചു കലക്കി കുടിച്ച എനിക്കു 'മേക്ക് മീ എ ചാനൽ ഓഫ് യൂർ പീസ്' എന്ന പ്രാർത്ഥന ഗാനം അന്നുമിന്നും കീറാമുട്ടിയാണ്.ഇന്നും ആദ്യത്തെ രണ്ടു വരി മാത്രം അറിയുന്ന ആ ഗാനം ഒരുപക്ഷേ,അക്കാലത്ത് അവിടെ നിന്നു പഠിച്ചിറങ്ങിയ എല്ലാ കുട്ടികൾക്കും ഒരുപോലെ തലവേദനയായിരുന്നു എന്നു വേണം പറയാൻ.മേക്ക് മീ എ ചാനൽ ഓഫ്യൂർ പീസ് എന്ന ലൈൻ കഴിഞ്ഞാൽ ഒരു നീണ്ട മൂളൽ ആണ്.പിന്നെ എല്ലാരുടെയും ഒച്ച പൊന്തണമെങ്കിൽ 'ഓ ടൂ ബി അണ്ടെർസ്റ്റൂട് ' എന്ന ഭാഗം എത്തണം.2500 ഓളം കുട്ടികൾ ചേർന്നുള്ള ഈ 'ഓരിയിടൽ' കേട്ടു സ്കൂളിന് പിന്നിലുള്ള പാടങ്ങളിൽ എത്ര കുറുക്കനും പട്ടികളും സമ്മേളിച്ചിട്ടുണ്ടാകും എന്നു ആലോചിച്ചു നിൽക്കേ,ആ മഹത്തായ ഗ്രൂപ്പ് പെർഫോമൻസ് കഴിഞ്ഞു,അസ്സെംബ്ലയിലെ അടുത്ത ഐറ്റം ആയ 'ഇന്ത്യ ഇസ് മൈ കൺട്രി' എത്തിയിട്ടുണ്ടാകും.
ഇങ്ങനെ നീണ്ട 16 വർഷക്കാലം മുക്കിയും മൂളിയും ഈ ഭക്തിഗാനം പാടി നടന്ന എൻ്റെ കൂടെ എന്ന് കൂടിയതാണ് അൻമേരി എന്ന കൂട്ടുകാരി എന്നോർമ്മയില്ല.ഓർമ്മയുള്ള സ്ക്കൂൾ അനുഭവങ്ങളിലെല്ലാം അവൾ ഉണ്ട്.ത്രയം പൂർത്തിയാക്കാൻ ചന്ദന എന്ന മറ്റൊരു കൂട്ടുകാരിയും.
കറ കളഞ്ഞ ഒരു സത്യക്രിസ്ത്യാനി ആയിരുന്നു അനു എന്ന ആൻമേരി.ചൊങ്കനായ ജോണ്സൻ അങ്കിളും, അന്നും ഇന്നും ചുവന്നു തുടുത്ത് ആപ്പിൾ പോലിരിക്കുന്ന ആൻസി ആന്റിയും, ഇപ്പോൾ സൂപ്പർ കൂൾ ലൂക്കിൽ നടക്കുന്ന റിനു എന്ന റോസ്മേരിയും അടങ്ങുന്ന കൊച്ചു കുടുംബം. വീട്ടിലെ റെഡ് ഓക്സൈഡ് തറ മാത്രം കണ്ടു ശീലിച്ച എനിക്ക്, അവളുടെ ബ്രൗൺ ടൈൽസ് വിരിച്ച ആ വീട് ഒരു അത്ഭുതം ആയിരുന്നു. ആ വീട്ടിൽ പോകുമ്പോഴൊക്കെ അന്ന് ഫാഷൻ ആയിരുന്ന ആ കൊച്ചു ബ്രൗൺ ടൈൽസ് നോക്കി വെള്ളമിറക്കാനും, തിരിച്ചു വന്നാൽ ഉടനെ വീട്ടിലെ റെഡ് ഓക്സൈഡ് തറ വെട്ടി പൊളിച്ചു കിണറ്റിൽ ഇടാനും എനിക്ക് തോന്നിയിരുന്നു.
ഇടയ്ക്കിടയുള്ള എന്റെ സന്ദർശനങ്ങളിൽ എനിക്കു ഏറ്റവും ആകർഷണീയമായി തോന്നിയിട്ടുള്ളത് അവരുടെ കുടുംബ പ്രാർത്ഥന ആയിരുന്നു. അച്ഛനും അമ്മയും മക്കളും ചേർന്നു ഉള്ള ആ പ്രാർത്ഥനയിൽ വലിഞ്ഞു കേറാൻ ഉള്ള അതിയായ ആഗ്രഹത്തോടെ ഞാനും മുട്ട് കുത്തി കൂടെ നിൽക്കും. ചൊല്ലുന്നത് ഇംഗ്ലീഷിൽ ആണോ മലയാളത്തിൽ ആണോ എന്നൊരു ക്ലൂ പോലും തരാതെ, എക്സ്പ്രസ്സ് കണക്കെ പായുന്ന പ്രാർത്ഥന ഒരക്ഷരം മനസിലാകില്ല എങ്കിലും, കൂടെ പാടാനും, കൈ കൂപ്പി നിൽക്കാനും ഒരു ഹരം ആയിരുന്നു.
അങ്ങനെ ചൊല്ലുന്ന പ്രാർത്ഥന എന്താണെന്നു പോലും പിടികിട്ടാതെ അന്തം വിട്ടിരിക്കുന്ന എന്റെ കണ്ണുകൾ പലപ്പോഴും പാഞ്ഞിരുന്നത് രൂപക്കൂടിനടുത്തുള്ള തിളക്കം ഉള്ള ബൾബ് ലേക്ക് ഉം,സൈഡിൽ തൂക്കി ഇട്ടിരിക്കുന്ന ഭംഗിയുള്ള കൊന്തകളിലേക്കും ആണ്.രൂപക്കൂട്ടിൽ കർത്താവിനു കമ്പനി കൊടുത്തു ഇരിക്കുന്ന മാതാവിനോടും,പിതാവിനോടും ഒക്കെ അറിയാവുന്ന ഭാഷയിൽ പ്രാർത്ഥിക്കും. പ്രാർത്ഥന എന്നൊന്നും പറയാൻ ഒക്കില്ല. ആഗ്രഹങ്ങളും ഡിമാൻഡും നിറഞ്ഞ നീണ്ട ഒരു ലിസ്റ്റ് ആണ് അത്. കുട്ടികൾ പുള്ളീടെ വീക്ക്നസ്സ് ആണെന്നും, കുട്ടികൾ പ്രാർത്ഥിച്ചാൽ പുള്ളി വേഗം കേൾക്കും എന്ന് 'കുഞ്ഞി മാലാഖ ' മാസിക ഇൽ വായിച്ച കോൺഫിഡൻസ് വെച്ചാണ് ആ പയറ്റു മുഴുവനും. ലിസ്റ്റ് പറഞ്ഞു കഴിഞ്ഞാൽ പിന്നെ പ്രധാന പരിപാടി,ചുമരിൽ ഓടി നടക്കുന്ന പല്ലികളുടെ എണ്ണം എടുക്കൽ ആണ്. ആകെ എത്ര പല്ലികൾ,അവ എത്ര വീതം പ്രാണികളെ തിന്നു,ഏറ്റവും വലിയ പ്രാണിയെ തിന്ന പല്ലി ഏതു എന്നീ ഗഹനമായ ചോദ്യങ്ങൾക്കു ഉള്ള ഉത്തരങ്ങൾ കണ്ടുപിടിച്ചു വരുമ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു എല്ലാരും എഴുന്നേറ്റു കഴിഞ്ഞിരിക്കും.
പുഴ എന്ന ഒരു സംഗതി ഇല്ലാത്ത കഞ്ചിക്കോടിൽ ആകെയുള്ളത് 'പേരിൽ മാത്രം' പുഴയുള്ള കുറെ തോടുകൾ ആണ്.കുളിക്കാൻ പറ്റിയ തോടുകൾ വീടിനടുത്തു ഇല്ലാത്തതുകൊണ്ട് മാത്രം 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങി കുളിച്ചിരുന്ന എന്നെ 'ഹോം മെയ്ഡ് സ്വിമ്മിംഗ് പൂളിന്റ ' വിശാലമായ ലോകത്തേക്ക് പിടിച്ചുകൊണ്ടുപോയത് അനു ആണ്.
വിശാലമായ,വൃത്തിയുള്ള,ടൈൽസ് പാകിയ ബാത്രൂം -1,നിറയെ തുളയുള്ള ഓവ് -1,അത് ഭദ്രമായി മൂടാനുള്ള ബക്കറ്റ് -1,തുറന്നു വിടാൻ പറ്റിയ ടാപ് -1,ഷവർ -1.ഇത്രയും ഉണ്ടെങ്കിൽ ആകർഷകമായ സ്വിമ്മിംഗ് പൂൾ റെഡി. പിന്നെ ഒരു ബഹളമാണ്. കമിഴ്ന്നു കിടന്നു,ചുമരിന്റ ഒരറ്റത്തു ചവിട്ടി,മുന്നോട്ടുള്ള കുതിപ്പുകൾ. നീന്തുന്നതും,ഇടക്കിടെ മുങ്ങി,വെള്ളം കുടിച്ചു പൊന്തിവരുന്നതുമൊക്കെ മുങ്ങിച്ചാകുന്നതിനേക്കാൾ ഡ്രാമാറ്റിക് ആയിട്ടാണ്. നടി വെള്ളത്തിൽ ചാടുമ്പോ കൂടെ ക്യാമറയും കൂടെ ചാടണമല്ലോ എന്ന സീൻ കണ്ട ഓർമയിലാണോ എന്നറിയില്ല, കമെൻ്ററി പറയുന്നതിനിടയിൽ റിനുവും കൂടെ ഇഴയാൻ തുടങ്ങും.
സ്വിമ്മിംഗ് പൂളിന് ഗമ അത്ര പോരാ എന്ന് തോന്നുമ്പോഴാണ് 'ഹൈ അൾട്ടിട്യൂഡ്ഡ് ഷവർ ' ഇറക്കുന്നത്. ചുറ്റുമുള്ള പച്ചപ്പും ഹരിതാഭയും കണ്ടുള്ള, തനി നാടൻ ഷവറിൽ ഒരു കുളി.വീട്ടിലെ അതിഥി എന്ന പ്രത്യേക പരിഗണന മുതലാക്കി, ആദ്യത്തെ ടേൺ എടുത്തു താഴെ ഞാൻ നിൽക്കുന്നു,ഒരു കാലി ബക്കറ്റും,മഗ്ഗുമായി അനുവും റീനുവും ടെറസിലേക് പോകുന്നു, വാട്ടർ ടാങ്കിൽ നിന്നും ബക്കറ്റിലേക്ക് ചറ പറാന്ന് വെള്ളം നിറക്കുന്നു,പപ്പടംകുത്തി കൊണ്ട് അതിശാസ്ത്രീയമായി തുളയിട്ട പ്ലാസ്റ്റിക് കവർ, റിനു പാരപെറ്റിൻ്റെ പുറത്തേക്കു നീട്ടി പിടിച്ചു നിൽക്കുന്നു, അനു അതിലേക്കു ഒഴിക്കുന്ന വെള്ളം ധാര ധാരയായി താഴെ, എന്റെ നെറുകുന്തലയിൽ പതിക്കുന്നു,ഉന്മാദപുളകിതയായി 8 വയസ്സുകാരി ഞാൻ, വെള്ള പെറ്റികോട്ടുമിട്ടു 'വൈശാലി ' മോഡിൽ ആനന്ദനടനമാടുന്നു.എന്റെ നൃത്തത്തിലെ വൈദഗ്ധ്യം കണ്ടിട്ടോ,കുളിക്കാനുള്ള ആർത്തി കൊണ്ടോയെന്നറിയില്ല,ശരവേഗത്തിൽ അനു ഓടിയെത്തും. താഴേക്കുള്ള വരവിന്റെ വേഗം കാണുമ്പോൾ,ഗുരുത്വാകർഷണം അവൾക്ക് മാത്രം അല്പം കൂടുതൽ അല്ലേയെന്നു തോന്നിപോയിട്ടുണ്ട്. നനഞ്ഞു പിണ്ടിയായ ഞാൻ അതേ കോലത്തിൽ മേലെ പോയി ഷവർ ഓപ്പറേറ്റ് ചെയ്യും. ആയുധം വെച്ചുള്ള കളിയാണ്. കണ്ണു തെറ്റിയാൽ റിനു താഴേക്കോടും. ചാരപ്രവൃത്തി നടത്തിയാലോ എന്ന് പേടിച്ച് കൊണ്ടുനടക്കുന്നതാണ്. അവൾക്കായി വെള്ളമെടുക്കുമ്പോൾ അര മഗ്ഗ് മാത്രമേ നിറക്കാറുള്ളു എന്ന നഗ്ന സത്യം അവൾ ഇതുവരെ അറിഞ്ഞിട്ടില്ല.ഇങ്ങനെ ആനന്ദനൃത്തമാടി,ടാങ്കിലെ വെള്ളം മുഴുവൻ തീർത്തു,കൈ കഴുകാൻ പോലും ഒരു തുള്ളി ഇല്ലാതാക്കിയ ഒരു സുദിനത്തിൽ 4 എണ്ണം പെടച്ചു ചെമ്പരത്തികമ്പിന്റെ രുചിയറിച്ചു തന്ന്, ആന്റി ഞങ്ങളുടെ നാച്ചുറൽ കുളിക്കു ഫുൾ സ്റ്റോപ്പിട്ടു.
പഠിക്കാനും,വരക്കാനും,സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൽ കൂടെ പ്രവർത്തിക്കാനും, മാത്രമല്ല, പൂട പോലുള്ള എന്റെ മുടി പറപ്പിക്കാൻ സോപ്പ് ഇട്ടു പതപ്പിച്ചാലും മതി എന്നുള്ള ചിലവ് കുറഞ്ഞ,എന്നാൽ തന്ത്രപ്രധാനമായ വിദ്യകൾ പറഞ്ഞു തരാനും നിഴൽ പോലെ കൂടെയുണ്ടായിരുന്ന അവളോട് എനിക്ക് ഏറ്റവും കൂടുതൽ സ്നേഹം തോന്നിയിരുന്നത് ക്രിസ്മസ്കാലത്താണ്. എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്ന ഒരേയൊരു ക്രിസ്ത്യാനി സുഹൃത്ത് അനുവായിരുന്നു എന്നതുകൊണ്ട് തന്നെ.
സ്വന്തമായ, എന്നാൽ അതിഭീകരമായ മേക്അപ്പും ഹെയർ ഡ്രസിങും കഴിഞ്ഞു രാവിലെ ബ്രേക്ഫാസ്റ്റിനു മുൻപായി തന്നെ ഞാൻ ഹാജർ വെക്കും. കടലാക്രമണമെന്നപോലെ അപ്പം, ചിക്കൻ, ബ്രെഡ്, പോർക്ക് ഇത്യാദി ഐറ്റംസ് നിറഞ്ഞ ചിരിയോടെ ടേബിളിൽ ആന്റി നിരത്തി വെക്കും. പിന്നെ 1-2 മണിക്കൂറുകൾ ഇടവിട്ട് കേക്ക്, വൈൻ , ബ്രെഡ്, ബിസ്ക്കറ്റ് എന്നിങ്ങനെ പലതും എന്റെ ആമാശയത്തിലേക്ക് തള്ളികൊണ്ടിരിക്കും. ജീവിതത്തിൽ ഏറ്റവും മനോഹരമായ ഗന്ധം ചിക്കൻ വറുക്കുന്നതിന്റെയാണെന്ന് തോന്നിയിട്ടുള്ളത് അവിടെ വെച്ചായിരുന്നു. ഉണക്കിയ ചിക്കൻ കൊണ്ടുണ്ടാക്കി തന്ന ചിക്കൻ ഫ്രൈ ആർത്തി പിടിച്ചു തിന്ന്, 2 ദിവസം വയറിളകി ഞാൻ കിടന്നും ഇതേ സുഗന്ധത്തിൽ മയങിപോയതുകൊൺ്ടായിരുന്നു.
ക്രിസ്മസ്കാലത്ത് മാത്രം ക്രിസ്ത്യാനിയാകാനും, പുൽക്കൂടും, ക്രിസ്മസ് ട്രീ ഉണ്ടാക്കാനും, പള്ളിയിൽ പോകാനുമുള്ള എന്റെ ആഗ്രഹങ്ങൾ അവൾ സാധിച്ചു തന്നിരുന്നത് അവളുടെ പുൽക്കൂട് കാണിച്ചു തന്നും, ചില പൊടികൈകൾ പറഞ്ഞു തന്നും പാതിരാകുർബാനക്ക് കൊണ്ടുപോയുമൊക്കെയാണ്. കടുക് മണികൾ മുളപ്പിച്ചു പുൽക്കൂടിനു മുൻപിൽ തികച്ചും നാച്ചുറൽ ആയ പുൽമേട് സൃഷ്ടിച്ചു കാണിച്ചു എന്നെ അമ്പരപ്പിച്ചിരുത്തിയെങ്കിലും, എത്ര ദിവസം മുൻപ് കുഴിച്ചിട്ടാലാണ് മുളക്കുക എന്നുള്ള ട്രേഡ് സീക്രെട് അവൾ ഒരിക്കലും പറഞ്ഞു തന്നില്ല. അതുകൊണ്ട് തന്നെ വർഷങ്ങൾക്കു ശേഷം ക്ലയന്റ് വിസിറ്റിനു വേണ്ടി ഉണ്ടാക്കിയ മോഡലിൽ ആളാകാൻ വേണ്ടി ഞാൻ കടുക് കൃഷി നടത്തി അമ്പേ പരാജയപ്പെട്ട കാര്യം ഞാൻ അവളോട് പറഞ്ഞില്ല.
പാതിരാകുർബാനനേരത്തു മറ്റുള്ളവരെല്ലാം പ്രാർത്ഥനാപൂർവ്വം മിശിഹായുടെ ജന്മദിനം സ്മരിക്കുന്ന സമയത്തു സൊറ പറഞ്ഞും, മുട്ടുകുത്തൽ മത്സരം നടത്തിയും, കണ്ണു തുറന്നുറങ്ങിയും പള്ളിയിൽ ബാക്ക് ബെഞ്ചേഴ്സ് ആയി ഞങ്ങൾ നേരം പോക്കി. മുട്ടുവേദനയുടെ സുഖം മൂലം, കർത്താവിനു 12 മണിക്ക് മുൻപേ ജനിക്കാമായിരുന്നിലേ എന്ന് തോന്നിപോയ നിമിഷങ്ങൾ. തലയിൽ നെറ്റ് തുണിയിട്ട്, മുട്ട് കുത്തി പ്രാർത്ഥിച്ചോണ്ട് നിന്നാൽ മതി, ഹിന്ദുവായ എന്നെ ആരും കണ്ടുപിടിക്കില്ല എന്ന മോഹനവാഗ്ദാനം നൽകി കൂടെ നിൽക്കുമെങ്കിലും കുർബാന സ്വീകരണത്തിന്റെ നേരമാകുമ്പോൾ, എന്നെ ഒറ്റക്കാക്കി അവളിലെ സത്യക്രിസ്ത്യാനി 4 കാലും പറിച്ചുകൊണ്ട് അൾത്താരയിലേക്കോടും. പള്ളിയിൽ വരുന്ന എല്ലാവർക്കും കൊടുക്കുന്ന പലഹാരമാണ് കുർബാനയപ്പം എന്ന് തെറ്റിദ്ധരിച്ചിരുന്ന എന്റെ അടുത്തേക്ക് കുർബാന സ്വീകരണത്തിന് ശേഷം അവൾ തിരിച്ചു വരും. വീഞ്ഞിൽ മുക്കിയ അപ്പം കഴിച്ചു വരുന്ന അനുവിനെ നോക്കി പള്ളിയുടെ വടക്കുകിഴക്കേ അറ്റത്തു കൊതിയോടെ വെള്ളമിറക്കി നിൽക്കുന്ന എന്നെ കാണുന്നതോടെ, എല്ലാ വിശ്വാസികൾക്കും ഞാൻ ക്രിസ്ത്യായനിയല്ല എന്ന വെളിപാട് ലഭിക്കുകയായി. പിന്നെ, മതത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച്, സർവ്വശക്തന്റെ ഹാപ്പി ബർത്ഡേയ് ആഘോഷിക്കാൻ വന്ന എന്റെയും, എന്നെ കൊണ്ടുവന്ന അനുവിന്റെയും മേൽ ആശംസാവർഷം ചൊരിയുകയായി.
മണ്ണ് കുഴച്ചു സ്വന്തമായി രൂപങ്ങൾ ഉണ്ടാക്കി, അമ്മയുടെ പ്രിയപ്പെട്ട ചെടികളുടെ തന്നെ കമ്പും കോലും വെട്ടി പുൽക്കൂടൊരുക്കാൻ ശ്രമിച്ചു പാളിപോയതും, അമ്മയുടെ തല്ലു കൊണ്ട് കരഞ്ഞ എന്നെ ആശ്വസിപ്പിക്കാൻ മാവിൻകൊമ്പ് വെട്ടി ക്രിസ്മസ് ട്രീ ഉണ്ടാക്കാൻ കൂടെ കൂടിയ ചേച്ചിക്കു ഒപ്പമുള്ളതുമായ ദിനങ്ങൾക്കിടയിലെ ഒരു റിലാക്സേഷൻ ആയിരുന്നു അനുവിന്റെ വീട്ടിലെ എന്റെ ക്രിസ്മസ് കാലങ്ങൾ.
ഇന്ന് സിറ്റി സ്റ്റോറിൽ നിന്നും വാങ്ങുന്ന എലൈറ്റ് പ്ലം കേക്കിലേക്കും,ടീവിയിലെ പരിപാടികളിലേക്കും മാത്രമായി ചുരുങ്ങയിരിക്കുന്നു എന്റെ ക്രിസ്മസ്. ആരാലും ക്ഷണിക്കപ്പെടാത്ത ക്രിസ്മസ് ദിനങ്ങളിൽ, വെറുതെയാണെങ്കിലും ഈ ഓർമകളിലേക്ക് മനസ്സ് പാളിപ്പോകാറുണ്ട്. വറുത്ത ചിക്കൻ്റെ മണമടിക്കുമ്പോഴും , സ്വിമ്മിംഗ് പൂളും, പപ്പടംകുത്തിയും കാണുമ്പോഴും , പള്ളിയിൽ പോകുന്ന കൊച്ചു പെൺകുട്ടികളെ കാണുമ്പോഴും , പടങ്ങൾ വരക്കുമ്പോഴും ഒക്കെ ആദ്യം ഓർത്തു പോകുന്നത് അനുവിനെയും, വലിയേച്ചി ഫീൽ എന്നും തന്ന റീനുവിനേയുമാണ്. തിരക്കുകൾക്കിടയിൽ എപ്പോഴോ വഴി പിരിഞ്ഞു പോയെങ്കിലും, ഇനി ഒരു ക്രിസ്മസ് ദിനത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായെങ്കിലും അവരുടെ വീട്ടിൽ ചെന്ന് കേറാമെന്ന പ്രതീക്ഷയോടെ,
-ലക്ഷ്മി
ആമി... <3 ഇഷ്ടായി... :)
ReplyDelete👌👍
ReplyDelete