Oru Pakal Viplavam
ഒരു പകൽ വിപ്ലവം
എടുത്തു പറയത്തക്ക അഭിരുചികൾ ഒന്നുമില്ലാതിരുന്ന എനിക്ക് പ്രസംഗത്തിന്റെ ചെറിയ ഒരു അസ്കിത ഉണ്ടെന്നു തിരിച്ചറിയുന്നത് നാലാം ക്ലാസ്സിൽ വെച്ചായിരുന്നു.ഡാൻസ് ഒഴികെ മറ്റെല്ലാ പരിപാടികൾക്കും സ്റ്റേജിൽ ചാടികേറി, തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച് കൈയ്യടി വാങ്ങിയിരുന്ന ഞാൻ,പക്ഷെ ഉറഞ്ഞു തുള്ളിയിരുന്നത് പ്രസംഗ വേദികളിൽ ആയിരുന്നു. ജനിച്ചതേ പ്രസംഗിക്കാൻ ആണെന്നും പ്രസംഗത്തിനായി എന്റെ ജീവിതം തന്നെ ഉഴിഞ്ഞിട്ടിരിക്കുകയാണെന്ന മട്ടായിരുന്നു അന്ന് എനിക്ക്. മൈക്ക് എടുത്താൽ ഭ്രാന്ത് പിടിക്കുന്ന ജീവി എന്ന പേരും സ്കൂൾ കാലഘട്ടത്തിൽ തന്നെ ഞാൻ സമ്പാദിച്ചിരുന്നു.ഇംഗ്ലീഷും മലയാളവും എന്റെ ശബ്ദത്തിൽ വീര്യമേറിയ വാക്കുകൾ ആയി പുറത്തു വന്നെങ്കിലും ഹമാരാ രാഷ്ട്രഭാഷ ഹിന്ദി,അന്നും ഇന്നും എനിക്ക് കീറാമുട്ടിയാണ്. ഇപ്പോൾ ഹമാരെ ദേശവാസിയോം എങ്കിലും അറിയാം. മോദിജിക്ക് സ്തുതി!.
സ്കൂളിൽ വെച്ച് തുടങ്ങിയ പ്രാസംഗികയുടെ ജൈത്രയാത്ര ടൈറ്റാനിക്കിനെക്കാളും കഷ്ടമായി മുങ്ങിപോയത് ജോലി ചെയ്തു തുടങ്ങിയതിൽ പിന്നെയാണ്.എന്നിലെ ഭീകരിയായ സോഫ്റ്റ്‌വെയർ ടെസ്റ്റർനെ കണ്ടപ്പോൾ പാവം പ്രാസംഗിക പേടിച്ചു ഓടിപോയതാകണം.എങ്കിലും ചിലപ്പോൾ ചില കടാക്ഷങ്ങൾ കിട്ടാറുണ്ട്.അത് മിക്കവാറും അടുത്ത സുഹൃത്തായ വിഷ്ണുവിനോട് സംസാരിക്കുമ്പോഴായിരിക്കും.അല്പം കൂടി വ്യക്തമായി പറഞ്ഞാൽ അവൻ ആണ് എന്റെ ഇര.സാഹിത്യത്തിന്റെ ചെറിയ ഏനക്കേട് ഉണ്ടെങ്കിലും നിഷ്കളങ്കമായ സൗഹൃദത്തിന്റെ ഉന്നത ഡിഗ്രി എടുത്ത കൊടുംഭീകരനാണവൻ.
എന്റെ കലാപരിപാടികളുടെ സ്ഥിരം വേദി തലശ്ശേരിക്കാരൻ മൂസാക്കാന്റെ ഇൻഫോപാർക്കിലുള്ള ചായക്കടയാണ്.ഏതൊരു ഐ ടി ക്യാംപസിലും ഉള്ള പോലത്തെ ഡൂക്കിലി ചായക്കടയൊന്നുമല്ല ഇത്.ചായയുടെയും,കുലുക്കിസർബത്തിൻെറയും,ഉന്നക്കായയുടെയും ഒപ്പം ചൂടേറിയ രാഷ്ട്രീയ, സാമ്പത്തിക ചർച്ചകളും,പരദൂഷണങ്ങളും,പുത്തൻ സ്റ്റാർട്ട് അപ്പ് ആശയങ്ങളും വരെ ഇവിടെ ഉരുത്തിരിയാറുണ്ട്.കണ്ണെഴുതി,മീശ പിരിച്ചു, ഫ്രീക്കനായി നിന്ന് മൂസാക്ക വെച്ച് നീട്ടുന്ന ചായ കുടിക്കാൻ അവിടെ എപ്പോഴും ബഹളമാണ്.
സ്ഥിരം ഐറ്റംസ് ആയ കട്ടൻ ചായയും,ദിവസേന ചെറുതായി വരുന്ന കട്ട്ലെറ്റും വാങ്ങി,അവയെ നിഷ്കരുണം ആക്രമിച്ചുകൊണ്ടാണ് ഇന്നത്തെ എന്റെ പ്രകടനം.നിർഭയ കേസിന്റെ വിധി ആണ് വിഷയം.ഒരുപാട് കാലം കൂടി നമ്മുടെ നീതി ന്യായ വ്യവസ്ഥയോട് തോന്നിയ ബഹുമാനം മൂത്ത്, ഉള്ള രോമകൂപങ്ങളെല്ലാം എഴുന്നേറ്റു നിൽക്കുന്ന എന്റെ കയ്യും കാലുമിട്ടടിച്ച്,സ്ത്രീ ശാക്തീകരണത്തേയും, സ്ത്രീകളെ, ഭോഗിക്കാനുള്ള വെറും മാംസപിണ്ഡങ്ങളായി മാത്രം കാണുന്ന ഇന്നത്തെ സമൂഹത്തെയും,ഇതിനു എതിരായി സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ഞാൻ ഘോരഘോരം പ്രസംഗിക്കുകയാണ്.ആവേശം സഹിക്ക വയ്യാതെ എന്റെ ഉള്ളിലെ ഫെമിനിസ്റ്റ് പുറത്തു വരാൻ ശ്രമിച്ചെങ്കിലും,എത്ര നീചരായ പ്രതികൾക്കു വേണ്ടിയും തെരുവിൽ മനുഷ്യാവകാശം വിളമ്പാൻ തയ്യാറാകുന്ന ചില വനിതാപ്രവർത്തകർ അവളെ നിഷ്കരുണം കെട്ടിയിട്ടു.
നീതി കിട്ടിയ നിർഭയയും,നീതി കിട്ടാതെ പോയ സൗമ്യയും, ജിഷയും, ബൽകിസ് ഭാനുവും ഒക്കെ അവിടെ നിറഞ്ഞാടി.ആകെ ഉള്ള ശ്രോതാവ് വിഷ്‌ണു മാത്രം ആണെങ്കിലും,ലക്ഷം ലക്ഷം അണികൾ പിന്നാലെയുള്ള ഒരു യുവ നേതാവിന്റെ ബാധയാർന്നു എന്നിൽ അപ്പോൾ പ്രവേശിച്ചിരുന്നത്.ആവേശം കൊണ്ട് വിറയ്ക്കുന്ന എന്നിലെ പ്രാസംഗികയെ കണ്ടിട്ടോ, അതോ അതിലും ഭീകരതയോടെ,ഉണ്ടാർന്ന കട്ലെറ്റ് കടിച്ചു കീറുന്ന എന്നിലെ തീറ്റഭ്രാന്തിയെ കണ്ടിട്ടോ, വിഷ്ണു കണ്ണും മിഴിച്ചു സ്തബ്ധനായി ഇരിക്കുകയാണ്.ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം!!.സ്രോതാവിനെ അമ്പരപ്പിച്ചിരുത്തുന്നതിലാണല്ലോ നമ്മുടെ ഒരിത്..
സ്ത്രീകൾ സ്വയം സംരക്ഷിക്കേണ്ടതിനെ പറ്റിയും,പുരുഷന്മാരെ പോലെ തന്നെ സമൂഹത്തിൽ അംഗീകരിക്കപ്പെടണ്ടതിനെയും പറ്റിയുള്ള തീ പിടിച്ച സംസാരത്തിനിടയിൽ,ട്രെയിനിൽ കേറി പിടിക്കാൻ ശ്രമിച്ച ഒരു അമ്മാവനെ തല്ലിയതും,ബസ്സിലെ ബെർത്തിനെ ചൊല്ലി ഉണ്ടായ കശപിശയുടെ പേരിൽ ഇരുട്ടത്ത് ഇറക്കി വിടാൻ ശ്രമിച്ച കണ്ടക്ടറോട് എതിർത്ത് നിന്നതുമായ ഓർമ്മകൾ സ്വയം അയവിറക്കി ഞാൻ അഭിമാനപുളകിതയായി.പേരിലുള്ള 'ലക്ഷ്മി' എന്ന ഭാഗം സാക്ഷാൽ റാണി ലക്ഷ്മി ഭായ് കല്പിച്ചു തന്നതാണെന്ന ഭാവത്തിൽ ,വാളിന് പകരം ഗ്ലാസ് പിടിച്ചു സ്റ്റൈലിൽ അങ്ങനെ നിൽക്കുമ്പോഴാണ് ഫോൺ ചിലച്ചത്.ഈയടുത്തു വാട്സാപ്പും,ഫേസ്ബുക്കും ഒക്കെയായി ഹൈടെക്ക് ആയ എന്റെ സ്വന്തം പിതാശ്രീയുടെ മെസ്സേജ് ആയിരുന്നു അത്.അച്ഛന്റെ പേര് സ്‌ക്രീനിൽ കണ്ടപ്പോഴാണ് നേരം 6.30 ആയെന്നു തിരിച്ചറിഞ്ഞത്.
ഇരുട്ടായി തുടങ്ങിയെന്നും,തുറിച്ചു നോക്കുന്ന കണ്ണുകൾ ചുറ്റിലും കൂടിയെന്നും വെളിപാടുണ്ടായ ഞാൻ ഗ്ലാസ് നിലത്തു വെച്ച് ബാഗും എടുത്തു എഴുന്നേറ്റു.റാണി ലക്ഷ്മി ഭായി എന്തേ പെട്ടെന്നു മൻമോഹൻ സിംഗ് ആയി എന്ന ചോദ്യചിഹ്നം മുഖത്ത് വിടർത്തിയ വിഷ്ണുവിനോട് ഞാൻ പിന്നീട് ഇത്രയേ പറഞ്ഞുള്ളു."പൊന്നു സുഹൃത്തേ,കാലം മാറി,ഇന്ന് സ്ത്രീ അബലയാണ്..നിരാലംബയാണ്..ഐഡന്റിറ്റി ഇല്ലാത്ത 'ഇര' മാത്രം ആണ്.തീ പാറുന്ന പ്രസംഗം നടത്താനും,മുഖം നോക്കാതെ അഭിപ്രായം പറയാനും അറിയാമെങ്കിലും,ഒരു പുരുഷനോട് എതിർത്ത് നിൽക്കാനുള്ള അത്ര ശാരീരികക്ഷമത ഇല്ലാത്ത ഒരു സാധാരണ മലയാളി പെൺകുട്ടി മാത്രം ആണ് ഞാൻ.പീഡോഫിലിയെ പോലും മഹത്വവത്കരിച്ചു സമൂഹമാധ്യമങ്ങളിൽ അവയെ വാഴ്ത്തിപാടുന്ന 'മാതൃകാ' പുരുഷന്മാരുടെ നാട്ടിൽ പ്രായപൂർത്തിയായ ഈയൊരുവളുടെ സുരക്ഷ വെറും മരീചിക മാത്രമാണ്.എന്തിനും ഏതിനും കൊടി പിടിക്കുന്ന ഈ സമൂഹമോ,ഇത് കേൾക്കുന്ന നീയോ എനിക്കൊരാപത്ത് വന്നാൽ കൂടെയുണ്ടാകണമെന്നില്ല.നഷ്ടം എനിക്ക് മാത്രം ആയിരിക്കും.അതുകൊണ്ട് സ്വയം സൂക്ഷിച്ചേ പറ്റൂ.വേറെ നിവർത്തിയില്ല".'ഇറ്റീസ് ബെറ്റർ ടു ബി സേഫ് ധാൻ ടു ബി സോറി' എന്ന് പണ്ട് പഠിച്ച ഒരു പ്രോവേർബും കാച്ചി,സ്ത്രൈണത തുള്ളിതുളുമ്പുന്ന പിങ്ക് ഹെൽമറ്റും വെച്ച് ഞാൻ എന്റെ കൂട്ടിലേക്ക് പറന്നു; അടുത്ത ഇരയാകാതിരിക്കാൻ..നാളെ മറ്റൊരു വിഷയത്തിൽ വികാരഭരിതയാകാൻ..അവ വാക്കുകളിൽ മാത്രം ഒതുക്കി കഴിയാൻ…..
-ലക്ഷ്മി
Comments
Post a Comment